Sunday, January 3, 2010

രംഗ്‌ദേ ബസന്തി അല്ല ത്രീ ഇഡിയട്ട്‌സ്‌

രംഗ്‌ ദേ ബസന്തിയാണ്‌ ഞാന്‍ കണ്ട ഏറ്റവും നല്ല ആമിര്‍ഖാന്‍ പടം എന്നു തീര്‍ച്ചപ്പെടുത്തിയത്‌ 'ത്രീ ഇഡിയട്ട്‌സ്‌' കണ്ടു കഴിഞ്ഞതിനു ശേഷമാണ്‌. കോഴിക്കോട്ടെ കോര്‍പ്പറേഷന്‍ തിയ്യേറ്ററിലെ വേവുന്ന ചൂടില്‍ രണ്ട്‌ കൂട്ടുകാര്‍ക്കും കൂട്ടമായി വന്ന കുറേ കോളേജ്‌പിള്ളാര്‍ക്കുമൊപ്പമാണ്‌ ഇഡിയട്ട്‌സിനെ കണ്ടത്‌. കോമഡിയില്‍ ചിരിച്ചു മറിഞ്ഞും കോളേജ്‌ ലൈഫിന്റെ രസങ്ങള്‍ ആഘോഷിച്ചും ലോജിക്കില്ലാത്ത സംഭവങ്ങളൊക്കെ അഡ്‌ജസ്‌റ്റ്‌ ചെയ്‌തു വിട്ടും ചിലപ്പോഴെങ്കിലും കണ്ണുകള്‍ നിറഞ്ഞും... പടം തരക്കേടില്ല എന്നല്ല, മികച്ചൊരു ചലച്ചിത്രാനുഭവം തന്നെയാണ്‌.

രംഗ്‌ദേ ബസന്തിയും ത്രീ ഇഡിയട്ട്‌സും തമ്മില്‍ താരതമ്യം ചെയ്യാമോ എന്നത്‌ വേറെ വിഷയം. ഒരു പക്ഷേ, ഇരു സിനിമകളുടെയും Youthfullness-ഉം കഥാപാത്രങ്ങളുമാവാം എന്നെ അതിനു പ്രേരിപ്പിക്കുന്നത്‌. മാധവന്‍, ശര്‍മണ്‍ ജോഷി, ആമിര്‍ഖാന്‍ എന്നീ പേരുകള്‍ ഒപ്പം കേട്ടപ്പോള്‍ തന്നെ 'രംഗ്‌ ദേ ബസന്തി' എന്ന്‌ മനസ്സ്‌ മന്ത്രിച്ചതിനാല്‍ ത്രീ ഇഡിയട്ട്‌സിനെ കുറിച്ച്‌ അങ്ങനെ ഒരു മുന്‍വിധി ഉണ്ടായിരുന്നു എന്നു സമ്മതിക്കാം. ആമിര്‍ഖാനെക്കാള്‍ ശര്‍മണ്‍ ജോഷിയിലായിരുന്നു പ്രതീക്ഷ കൂടുതല്‍. ഏറ്റെടുക്കുന്ന വേഷം ആമിര്‍ പരമാവധി മികച്ചതാക്കും എന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. RDB-യിലെ 'സുഖി'യുടെ അഭിനയം കണ്ട ഒരാളും ശര്‍മണിനെ അത്രപെട്ടെന്നു മറക്കാനിടയില്ല. യഥാര്‍ത്ഥ ജീവിതത്തിലെ ടീനേജുകാരില്‍ / സൗഹൃദക്കൂട്ടങ്ങളില്‍ കാണപ്പെടുന്ന കഴിവുകെട്ടവനും അലസനും അരക്ഷിതനും ആത്മാര്‍ത്ഥ സ്‌നേഹമുള്ളവനുമായ 'മണ്ടന്‍' കഥാപാത്രം. RDB-യിലെ സൗഹൃദക്കൂട്ടത്തില്‍ അലിഞ്ഞുചേരുമ്പോള്‍ ഞാന്‍, ആത്മാംശമുള്ളതിനാലാവാം മനസ്സില്‍ ചേര്‍ത്തുവെച്ചത്‌ 'സുഖി'യെ ആയിരുന്നു. സിദ്ധാര്‍ത്ഥിന്റെ 'കരണ്‍ സിന്‍ഹാനിയ'യെ ഇഷ്ടപ്പെടുന്നില്ല എന്നല്ല. എന്‍.എസ്‌ മാധവന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ മനസ്സ്‌ സുഖിക്കൊപ്പം നില്‍ക്കുന്നു. എന്നാല്‍ തലച്ചോര്‍ കരണ്‍ സിന്‍ഹാനിയക്കും അസ്‌ലമിനും ഡി.ജെക്കും അജയ്‌ സിംഗ്‌ റാത്തോഡിനും ലക്ഷ്‌മണ്‍ പാണ്ഡെക്കുമൊപ്പവും.

വീണ്ടുമൊരു RDB പ്രതീക്ഷിക്കുക എന്നത്‌ വിഡ്‌ഢിത്തമാണെങ്കിലും അതേ മൂഡ്‌, തണുപ്പ്‌, സുഖം തരുന്ന പടം ആഗ്രഹിച്ചാല്‍ തെറ്റ്‌ പറയാനൊക്കില്ലല്ലോ. കോളേജ്‌ പ്രമേയമായി വരുന്ന ത്രീ ഇഡിയട്ട്‌സിനെ അതുകൊണ്ടു തന്നെ പ്രതീക്ഷയോടെയാണ്‌ കാത്തിരുന്നത്‌. അവതാര്‍ തകര്‍ത്തോടുന്നതിനാല്‍ ക്രൗണ്‍ തിയ്യേറ്ററില്‍ അടുത്തകാലത്തൊന്നും ത്രീ ഇഡിയട്ട്‌സിന്‌ ഇടമുണ്ടാകില്ലെന്നത്‌ വിഷമിപ്പിച്ചു. ഏറ്റവും കുറഞ്ഞത്‌ അപ്‌സരയിലെങ്കിലും വരാതെ, പാന്‍പരാഗിന്റെ മണവും വളരെ ഉയരത്തിലുള്ള ഫാനിന്റെ ഇല്ലാത്ത കാറ്റും കാഴ്‌ചയിലും ശബ്ദത്തിലും വെറും ടെലിവിഷന്റെ മാത്രം ഫീലും തരുന്ന കോറണേഷനില്‍ വന്നതില്‍ നീരസവും തോന്നി. എങ്കിലും ആമിര്‍ഖാനു വേണ്ടി ഞാനിതെല്ലാമങ്ങ്‌ ക്ഷമിച്ചു.

നാല്‍പ്പത്തഞ്ചുകാരനായ ആമിര്‍ ഖാന്‍ കോളേജ്‌ വിദ്യാര്‍ത്ഥിയെ അവതരിപ്പിക്കുന്നു എന്നത്‌ ചില്ലറക്കാര്യമല്ല. ടീനേജുകാരന്റെ ശരീരഘടനയിലേക്ക്‌ പരിവര്‍ത്തനം ചെയ്യാന്‍ അദ്ദേഹം ചെയ്യുന്ന കഠിനാധ്വാനത്തെയും താന്‍ ഇടപെടുന്ന മാധ്യമത്തോട്‌ കാണിക്കുന്ന സത്യസന്ധതയെയും പറ്റി പറയാന്‍ കേവലം 'സുഖി'യായ ഞാന്‍ ആളല്ല. പക്ഷേ, ശരീരഘടനയില്‍ മാത്രമല്ല ശരീരഭാഷയിലും ശരിക്കുമൊരു കോളേജ്‌ കുമാരനായിത്തീര്‍ന്ന ആമിറിനെ കണ്ട്‌ അന്തം വിടാതെ വയ്യ. നാല്‍പ്പത്തഞ്ച്‌ വയസ്സ്‌ എന്നു കേള്‍ക്കുമ്പോള്‍ ചുറ്റുമുള്ള നാല്‍പ്പത്തഞ്ചുകാരെയാണ്‌ ഞാനോര്‍ക്കുക. അവരുടെ മനോഭാവം, ശരീരഘടന എല്ലാം ആമിറുമായി താരതമ്യം ചെയ്യുമ്പോള്‍ ആ മഹാവിസ്‌മയത്തെ നമിക്കാതെ വയ്യ.

RDB-യില്‍ ആമിര്‍ സൗഹൃദക്കൂട്ടത്തിലൊരുവനായിരുന്നുവെങ്കില്‍ ത്രീ ഇഡിയട്ട്‌സില്‍ ശരിയായ അര്‍ത്ഥത്തില്‍ നായകനാണ്‌. രസികത്വവും 'തലചൊറിച്ചിലും' ഉള്ള സാധാരണ പയ്യന്‍. എന്നാല്‍, RDB-യിലെ പക്വമതിയല്ല, വ്യക്തമായ കാഴ്‌ചപ്പാടുകളുള്ള വായാടിയായ താരം. ഫര്‍ഹാന്‍ ഖുറേഷി (മാധവന്‍)യും രാജു റസ്‌തോഗി (ശര്‍മണ്‍ ജോഷി) യും രഞ്ചോഡ്‌ദാസ്‌ ശാമില്‍ദാസ്‌ ചാഞ്ചോഡിന്റെ (ആമിര്‍) ഒത്ത കൂട്ടുകാരും. അവരൊന്നിച്ചുള്ള കുസൃതികളും ഒപ്പിക്കുന്ന വികൃതികളും ചെന്നുചാടുന്ന അബദ്ധങ്ങളും തികച്ചും സ്വാഭാവികം. സിനിമ മുന്നോട്ടുപോകുമ്പോള്‍ ആമിര്‍ മിടുക്കനായ പഠിപ്പിസ്റ്റും മറ്റുള്ളവര്‍ ഉഴപ്പന്മാരുമാകുന്നത്‌ എനിക്കത്ര ഇഷ്ടമായില്ല. പക്ഷേ, വിജയികളുടെ ലിസ്റ്റില്‍ രഞ്ചോഡ്‌ദാസിന്റെ പേര്‌ കാണാതിരിക്കുമ്പോള്‍ മറ്റു രണ്ടു പേരും നിശ്ശബ്ദരാകുന്നത്‌ എന്നെ തൊട്ടു. പക്ഷേ, ആമിര്‍ ഒന്നാം റാങ്കുകാരനാണെന്നറിയുമ്പോള്‍ ഇരുവരും നിശ്ശബ്ദരാകുന്നതിലെ നര്‍മ്മവും ബോധിച്ചു. പരീക്ഷാ പേപ്പര്‍ വാങ്ങാന്‍ വിസമ്മതിക്കുന്ന എക്‌സാമിനറെ ത്രീ ഇഡിയട്ട്‌സ്‌ വിദഗ്‌ധമായി പറ്റിക്കുന്നതും ഒന്നാം റാങ്ക്‌ നിലനിര്‍ത്താനായി പരീക്ഷാകാലത്ത്‌ ചധുര്‍ രാമലിംഗം മറ്റുള്ളവരുടെ റൂമുകളില്‍ പെണ്‍മേനി പ്രദര്‍ശിപ്പിക്കുന്ന പുസ്‌തകങ്ങള്‍ കൊണ്ടുചെന്നിടുന്നതും വെള്ളമടിച്ച്‌ ക്ലാസില്‍ വന്ന്‌ കിടന്നുറങ്ങി പിറ്റേന്ന്‌ ക്ലാസ്‌ തുടങ്ങിയ ശേഷം കെട്ട്‌ വിടാതെ ഉണരുന്നതും... മനോഹര രംഗങ്ങള്‍. 'ബലാല്‍ക്കാര്‍' പ്രഭാഷണവും കിടിലന്‍.
പക്ഷേ, എവിടെയൊക്കെയോ ചില മിസ്സിംഗ്‌ എലമെന്റുകള്‍ കിടക്കുന്നില്ലേ?. കരീനാ കപൂറിന്റെ കഥാപാത്രം എന്തിനു കയറി വന്നു എന്നെനിക്കു മനസ്സിലായില്ല. രാജുവിന്റെ അനങ്ങാന്‍ വയ്യാത്ത അച്ഛനെ സ്‌കൂട്ടറിലിരുത്തി ആസ്‌പത്രിയിലേക്കു കൊണ്ടുപോയതും കരീനയെ കല്യാണപ്പന്തലില്‍ നിന്ന്‌ വിളിച്ചിറക്കിക്കൊണ്ടുപോയതും അധികപ്പറ്റാണെന്നു തോന്നി. ക്ലൈമാക്‌സില്‍ ചധുര്‍ രാമലിംഗത്തിന്റെ ആരാധ്യനായ ശാസ്‌ത്രജ്ഞന്‍ വെളിപ്പെടുന്നതും സുഖകരമായിത്തോന്നിയില്ല.

ത്രീ ഇഡിയട്ട്‌സിലെ ശര്‍മണ്‍ ജോഷി RDB-യിലേതു പോലെയല്ല. ജീവിതത്തെ കുറിച്ച്‌ ചിന്തിക്കാന്‍ ഏറെയുള്ളതിന്റെ ഒതുക്കം രാജു റസ്‌തോഗിയിലുണ്ട്‌. ദാരിദ്ര്യം മുറ്റിനില്‍ക്കുന്ന വീട്ടില്‍ നിന്ന്‌ വരുന്നതിന്റെ അരക്ഷിത ബോധം. പക്ഷേ, കുറെ സഹതാപം കെട്ടിവെച്ച്‌ സംവിധായകന്‍ ആ കഥാപാത്രത്തെ കുളമാക്കിയില്ല. മാധവന്റെ കാര്യവും അതേപോലെത്തന്നെ. RDB-യില്‍ രാജ്യസ്‌നേഹിയായ അജയ്‌സിംഗ്‌ റാത്തോഡ്‌ എന്ന വ്യോമസേനാ പൈലറ്റാണ്‌ മാധവന്‍. ത്രീ ഇഡിയട്ട്‌സില്‍, വൈല്‍ഡ്‌ ഫോട്ടോഗ്രാഫറാവാന്‍ കൊതിച്ച്‌ എഞ്ചിനീയറിംഗിനു വിധിക്കപ്പെട്ട, കര്‍ക്കശക്കാരന്‍ അച്ഛന്റെ മകന്‍. വയസ്സ്‌ നാല്‍പ്പതു കഴിഞ്ഞ മാധവന്റെ ടീനേജ്‌ കഥാപാത്രം എത്ര വിശ്വസനീയമാണ്‌!.

ഇരുസിനിമകളും തമ്മില്‍ താരതമ്യം അര്‍ഹിക്കുന്നില്ലായിരിക്കാം. രണ്ടും രണ്ടു സംവിധായകരുടെ, രണ്ട്‌ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന, രണ്ട്‌ തലങ്ങളിലെ ആവിഷ്‌ക്കാരങ്ങള്‍. അവ തമ്മില്‍ പൊതുവായ വല്ലതും ഉണ്ടാവുകയാണെങ്കില്‍ അതൊരു ന്യൂനതയായിരിക്കാം താനും. പക്ഷേ, പൂര്‍ണ്ണത -ഫിനിഷിംഗ്‌- ഒരു കുറവും കുറ്റവുമല്ലല്ലോ. എനിക്ക്‌ തോന്നുന്നത്‌ ഇതാണ്‌. RDB പണിക്കുറവ്‌ തീര്‍ന്ന അപൂര്‍വഭംഗിയുള്ളൊരു ചലച്ചിത്ര ശില്‌പമാണ്‌; ത്രീ ഇഡിയട്ട്‌സ്‌ സമ്പൂര്‍ണ്ണമല്ല. ഇനിയും ചെത്തുമിനുക്കാന്‍ അതില്‍ കാര്യങ്ങള്‍ ബാക്കി കിടക്കുന്നു.